You are currently viewing യൂസ്ഡ് വാഹന ഡീലർമാരുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും: ഗതാഗതമന്ത്രി

യൂസ്ഡ് വാഹന ഡീലർമാരുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും: ഗതാഗതമന്ത്രി

ഓൾ കേരള യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് മീഡിയേറ്റേഴ്സ് ട്രേഡ് യൂണിയന്റെ ഐഡി കാർഡ് വിതരണോദ്ഘാടനം ഗതാഗതമന്ത്രി സി. പി. ജോൺ നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത മന്ത്രി, യൂസ്ഡ് വാഹന വ്യാപാര മേഖലയിലെ ഡീലർമാരുമായി സംവദിക്കുകയും ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തു.

രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത സ്വതന്ത്ര ട്രേഡ് യൂണിയനെന്ന നിലയിൽ സംഘടനയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വാഹനങ്ങളുടെ ഫിറ്റ്നസ്, ഉടമസ്ഥാവകാശത്തിന്റെ ഉറവിടം, നിയമപരമായ രേഖകൾ എന്നിവയെക്കുറിച്ച് പലപ്പോഴും ആശങ്കകൾ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്കും ഡീലർമാർക്കും വിശ്വാസ്യത ഉറപ്പാക്കുന്ന ഇടനില സംവിധാനമായി ഇത്തരമൊരു സംഘടനയുടെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂസ്ഡ് വാഹന ഡീലർമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, പ്രത്യേകിച്ച് മോട്ടോർ വാഹന വകുപ്പുമായി (എംവിഡി) ബന്ധപ്പെട്ട വിഷയങ്ങൾ, ചർച്ചകളിലൂടെ പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി ഉറപ്പുനൽകി. മേഖലയിലെ പ്രവർത്തകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സംഘടനയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ വ്യക്തിപരമായ അനുഭവങ്ങളും മന്ത്രി വേദിയിൽ പങ്കുവെച്ചു. ജീവിതത്തിൽ താൻ വാങ്ങിയിട്ടുള്ള വാഹനങ്ങളെല്ലാം സെക്കൻഡ് ഹാൻഡ് വാഹനങ്ങളായിരുന്നുവെന്നും, താനൊരു യൂസ്ഡ് കാർ ഉപഭോക്താവാണെന്നും അദ്ദേഹം പറഞ്ഞു. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ മോശമാണെന്ന പൊതുധാരണ ശരിയല്ലെന്നും, പലപ്പോഴും പുതിയ വാഹനങ്ങളെക്കാൾ വിശ്വസനീയമായി അവ പ്രവർത്തിച്ച അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ വിന്റേജ് കാറുകൾക്കും മികച്ച വിപണിസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, യൂസ്ഡ് വാഹന വ്യാപാര രംഗത്തിന്റെ ഭാഗമായിത്തന്നെ ഇത്തരം വാഹനങ്ങളെയും സംഘടന പരിഗണിക്കണമെന്നും നിർദേശിച്ചു. ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുകയും മേഖലയെ കൂടുതൽ സംഘടിതവും സുതാര്യവുമാക്കുകയും ചെയ്യുന്നതിൽ ട്രേഡ് യൂണിയന്റെ പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply