You are currently viewing കുണ്ടറയിൽ പുതിയ സെൻട്രൽ ജയിൽ; അലിൻഡിന്റെ 64 ഏക്കർ ഭൂമി പരിഗണനയിൽ

കുണ്ടറയിൽ പുതിയ സെൻട്രൽ ജയിൽ; അലിൻഡിന്റെ 64 ഏക്കർ ഭൂമി പരിഗണനയിൽ

കൊല്ലം: തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പ് ആലോചന ആരംഭിച്ചു. കുണ്ടറയിൽ അലിൻഡിന് (ALIND) കുത്തകപ്പാട്ടത്തിന് നൽകിയ റവന്യൂ ഭൂമിയിലെ ഉപയോഗിക്കാതെ കിടക്കുന്ന 90 ഏക്കറിൽ നിന്ന് 64 ഏക്കർ ഇതിനായി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

നിലവിൽ കൊല്ലം കളക്ടറേറ്റ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ജില്ലാ ജയിൽ മാത്രമാണ് ജില്ലയ്ക്കുള്ളത്. പുതിയ സെൻട്രൽ ജയിൽ യാഥാർഥ്യമാകുന്നതോടെ ആദ്യഘട്ടത്തിൽ കുറഞ്ഞത് 600 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന അത്യാധുനിക സെല്ലുകളും സുരക്ഷാ സംവിധാനങ്ങളുമുള്ള ജയിൽ സമുച്ചയമാണ് ലക്ഷ്യമിടുന്നത്.

സ്വകാര്യ ഭൂമി ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതയും നിയമപരമായ കാലതാമസവും ഒഴിവാക്കാനാണ് സർക്കാർ ഭൂമി പരിഗണിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലകളടക്കം അനുയോജ്യമായ സർക്കാർ പുറമ്പോക്ക് ഭൂമിക്കായി വ്യാപകമായ പരിശോധന നടത്തിയെങ്കിലും മറ്റ് സ്ഥലങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അലിൻഡിന്റെ കൈവശമുള്ള സർക്കാർ ഭൂമി ലഭ്യമാകുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും സെൻട്രൽ ജയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് എത്രയും പെട്ടെന്ന് കടക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം ദക്ഷിണ കേരളത്തിലെ ജയിൽ സംവിധാനത്തിനും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply