കൊച്ചി: അങ്കമാലി മുതൽ അരൂർ വരെ പുതിയ ദേശീയപാത 544 ബൈപ്പാസ് നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ബെന്നി ബഹനാൻ എം.പി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായുള്ള 3A നോട്ടിഫിക്കേഷൻ ഉടൻ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കമാലി മുതൽ കുണ്ടന്നൂർ വരെ നിർമിക്കാൻ നേരത്തെ വിഭാവനം ചെയ്തിരുന്ന കൊച്ചി ബൈപ്പാസ് പദ്ധതിയാണ് ഇപ്പോൾ പുനർരൂപകൽപ്പന ചെയ്ത് അരൂർ വരെ നീട്ടിയിരിക്കുന്നത്. ഏകദേശം 50 കിലോമീറ്റർ ദൂരത്തിൽ 70 മീറ്റർ വീതിയിലുള്ള പാത ആദ്യഘട്ടത്തിൽ എട്ടുവരി ദേശീയപാതയായും ഭാവിയിൽ പത്തുവരി പാതയായി വികസിപ്പിക്കാവുന്ന രീതിയിലുമാണ് നിർമ്മിക്കുക.
അങ്കമാലി–കുണ്ടന്നൂർ ബൈപ്പാസ് പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ മുൻ എൽ.ഡി.എഫ് സർക്കാർ വൈകിപ്പിച്ചതിനെ തുടർന്നാണ് പദ്ധതി സ്തംഭിച്ചതെന്ന് ബെന്നി ബഹനാൻ ആരോപിച്ചു. ഇതിനിടെ പദ്ധതിയുടെ അടിസ്ഥാന രേഖയായ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെടുകയും ചെയ്തു.
അഞ്ച് വർഷം മുമ്പ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലായിരുന്നു ആറുവരി പാതയ്ക്കായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിരുന്നത്. എന്നാൽ പുനർവിജ്ഞാപനത്തിന് മുന്നോടിയായി പുതിയ ട്രാഫിക് സർവേ പൂർത്തിയാക്കിയതിനെ തുടർന്നാണ് പദ്ധതി പുതുക്കി രൂപകൽപ്പന ചെയ്തത്. പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാതയുടെ വീതിയും ശേഷിയും വർധിപ്പിച്ച് എട്ടുവരി പാതയായി നിർമിക്കാനും പിന്നീട് പത്തുവരി പാതയാക്കി വികസിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അങ്കമാലിയിൽ നിന്ന് ആരംഭിക്കുന്ന പുതിയ ബൈപ്പാസ് അനിവാര്യമാണെന്ന് കേന്ദ്ര സർക്കാരിനെ നിരന്തരം ബോധ്യപ്പെടുത്തിയിരുന്നുവെന്ന് എം.പി പറഞ്ഞു. കേന്ദ്ര ഗതാഗത മന്ത്രി, ഗതാഗത സെക്രട്ടറി എന്നിവരുമായി പലതവണ ചർച്ച നടത്തിയതായും പാർലമെന്റിൽ വിഷയം ആവർത്തിച്ച് ഉന്നയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഈ ഇടപെടലുകളുടെയും പുതിയ ട്രാഫിക് പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതെന്നും, പുനർവിജ്ഞാപനം പുറത്തുവന്നാൽ ഭൂമിയേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാകുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കാതെ തന്നെ വടക്കൻ കേരളത്തിൽ നിന്നും തെക്കൻ ജില്ലകളിലേക്കും തിരിച്ചും വാഹനങ്ങൾക്ക് സഞ്ചരിക്കാനാവുന്ന ബദൽ പാതയായി അങ്കമാലി–അരൂർ ബൈപ്പാസ് മാറുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ഇടപ്പള്ളി–വൈറ്റില–അരൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ദീർഘകാല ആശ്വാസം നൽകാനും പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.