You are currently viewing തീരദേശ റോഡിലെ അടിപ്പാതകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു; അടിയന്തര പരിഹാരത്തിന് കളക്ടർക്ക് നിർദേശം

തീരദേശ റോഡിലെ അടിപ്പാതകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു; അടിയന്തര പരിഹാരത്തിന് കളക്ടർക്ക് നിർദേശം

ആലപ്പുഴ: മാളികമുക്കിൽ നിന്ന് വെള്ളാപ്പള്ളിയിലേക്ക് പോകുന്ന തീരദേശ റോഡിലെ അടിപ്പാതയിലും, തീരദേശ റോഡിൽ നിന്ന് ആറാട്ടുവഴിയിലേക്ക് പോകുന്ന അടിപ്പാതയിലും അപകടങ്ങൾ തുടർക്കഥയാകുന്നതായി പരാതി. വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അടിയന്തര ഇടപെടലുമായി ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് രംഗത്തെത്തി.

അപകടങ്ങൾ നിരന്തരം സംഭവിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

തുടർന്ന് മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബും മുൻസിപ്പൽ സെക്രട്ടറിയും സ്ഥലത്തെത്തി പരിശോധന നടത്തുകയും വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും ചെയ്തു.

വടക്കനാൽ വാർഡ് കൗൺസിലർ ആർ. അംജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ സമരവും, കാഞ്ഞിരംചിറ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളും വിഷയത്തിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

പ്രശ്നപരിഹാരത്തിനായി ഇടപെട്ട പൊതുപ്രവർത്തകരായ ആർ. അംജിത് കുമാർ, പി.പി. രാഹുൽ, ജോസഫ് അസ്ലിൻ, ആൻഡ്രിയ, വേണുഗോപാൽ, ഷിബു താജു, സഫർ, ഷിബു എന്നിവർ നടത്തിയ പ്രവർത്തനങ്ങളെ പ്രദേശവാസികൾ അഭിനന്ദിച്ചു.

അടിപ്പാതകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുകയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള സ്ഥിരം പരിഹാരം ഉടൻ നടപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply