കൊച്ചി: പൊന്നുരുന്നി മാർഷലിംഗ് യാർഡിനെ ആധുനിക മൾട്ടി മോഡൽ ടെർമിനലാക്കി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി എറണാകുളം എംപി ഹൈബി ഈഡൻ അറിയിച്ചു. ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് ജനറൽ മാനേജർ ആർ.എൻ. സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്.
പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡിനെ മൾട്ടി മോഡൽ ടെർമിനലാക്കി മാറ്റുന്നതിനായി ₹270 കോടി ചെലവിൽ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് ഒരു മാസത്തിനകം റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. പദ്ധതിക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയ തലത്തിൽ തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെയിൽവേയ്ക്ക് സ്വന്തമായി 110 ഏക്കർ ഭൂമിയുള്ള പൊന്നുരുന്നിയിൽ ടെർമിനൽ സ്ഥാപിക്കണമെന്ന ആവശ്യം ലോക്സഭയ്ക്കകത്തും പുറത്തും നിരന്തരം ഉന്നയിച്ചിരുന്നുവെന്ന് എംപി പറഞ്ഞു. റെയിൽവേ മന്ത്രിയുമായി നടത്തിയ നിരവധി ചർച്ചകൾക്ക് പിന്നാലെയാണ് ഒരു വർഷം മുൻപ് പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ അനുമതി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമായി വിലയിരുത്തി.
യോഗത്തിൽ എറണാകുളം സൗത്ത്, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമാണ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. തൃപ്പൂണിത്തുറ, ഇടപ്പള്ളി സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങളും ചർച്ചയായി. എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളെ സമീപത്തെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന ആധുനിക ലിങ്ക് ബ്രിഡ്ജുകൾ സ്ഥാപിക്കുമെന്നും എറണാകുളം നോർത്ത് സ്റ്റേഷനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ രൂപകൽപ്പന പുതുക്കുമെന്നും എംപി അറിയിച്ചു.
യാത്രക്കാരുടെ വർധിച്ച തിരക്ക് കണക്കിലെടുത്ത് എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിന്ന് അനുകൂല തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റെയിൽവേ സുരക്ഷയും യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ആർ.പി.എഫിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പരിശോധനകൾ ശക്തമാക്കണമെന്നും ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം കർശനമായി നിരീക്ഷിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ അറിയിച്ചു.