തിരുവല്ല: ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനായ ഡോ. ബിനോയ് ജോർജ് ഓറിയന്റൽ റിപ്പബ്ലിക് ഓഫ് ഉറുഗ്വേയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.
തിരുവല്ല പുളിമൂട്ടിൽ റവന്യൂ വകുപ്പിൽ ആർ.ഡി.ഒ ആയി സേവനമനുഷ്ഠിച്ച് വിരമിച്ച പി. ഡി. ജോർജിന്റെയും ബി.എസ്.എൻ.എൽ മുൻ ഉദ്യോഗസ്ഥ മറിയാമ്മ ചാക്കോയുടെയും മകനാണ് ഡോ. ബിനോയ് ജോർജ്. ദീർഘകാലത്തെ നയതന്ത്ര-ഭരണപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഈ സുപ്രധാന ചുമതല ലഭിച്ചിരിക്കുന്നത്.
ഡോ. ദീപാ ജോർജാണ് ഭാര്യ. മക്കൾ: നയൻ ബിനോയ്, നോറ ബിനോയ്. കോഴിക്കോട് സ്വദേശിനിയായ ഡോ. ബിന്ദു ജോർജാണ് സഹോദരി. ഡോ. ബെന്നി ജയിംസാണ് സഹോദരീഭർത്താവ്.
ഡോ. ബിനോയ് ജോർജിന്റെ നിയമനം കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും അഭിമാന നിമിഷമായി. രാജ്യത്തിന്റെ വിദേശനയ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന അംബാസിഡർ പദവിയിലേക്ക് മലയാളിയായ ഒരു ഉദ്യോഗസ്ഥൻ എത്തിയത് ശ്രദ്ധേയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.