കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭാരവാഹനങ്ങളുടെ പരിശോധനയും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് കൊല്ലം ജില്ലാ കളക്ടർ ആനി ജൂലാ തോമസ് ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
സ്കൂൾ സമയങ്ങളിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കർശനമായി വിലക്കാൻ തീരുമാനിച്ചു. ഭാരവാഹനങ്ങളിൽ അനുവദനീയമായ ഭാരപരിധി കർശനമായി പാലിക്കണമെന്നും ഇതിനായി പരിശോധനകൾ ശക്തമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കൊട്ടാരക്കരയിൽ അപകടം നടന്ന സ്ഥലത്ത് ദിശാസൂചികകളും അപകടമുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നതിനൊപ്പം വേഗനിയന്ത്രണ സ്ട്രിപ്പുകളും ഒരുക്കും. ജില്ലയിലെ തിരക്കേറിയ സ്കൂൾ പരിസരങ്ങൾ, അപകടസാധ്യത കൂടുതലുള്ള മേഖലകൾ എന്നിവിടങ്ങളിൽ വേഗനിയന്ത്രണ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനായി ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ പോലീസ്, ആർടിഒ വകുപ്പുകൾക്ക് ചുമതല നൽകി.
ബസുകൾ മുൻകൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളിൽ മാത്രമേ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളുവെന്ന് ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ഭാരവാഹനങ്ങളിൽ സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും നിർബന്ധമായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ നിരന്തര പരിശോധന നടത്താനും തീരുമാനിച്ചു. കൂടാതെ ടിപ്പർ പോലെയുള്ള ഭാരവാഹനങ്ങൾക്ക് പാസ് അനുവദിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യോഗം നിർദേശിച്ചു.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനങ്ങളെന്ന് അധികൃതർ അറിയിച്ചു.