ചെന്നൈ: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് 300 പുതിയ ബസുകൾ സർവീസിലിറക്കി. വ്യാഴാഴ്ച രാവിലെ ചെന്നൈ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ 127.21 കോടി രൂപ ചെലവിൽ വാങ്ങിയ ഡീസൽ, സി.എൻ.ജി. ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു.
കിളമ്പാക്കം, കോയമ്പേട് എന്നിവിടങ്ങളിലെ പ്രധാന ബസ് ടെർമിനലുകളിൽ നിന്ന് മധുരൈ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്കാണ് പുതിയ ബസുകൾ സർവീസ് നടത്തുക. തമിഴക വിജയ് കഴകത്തിന്റെ (ടിവികെ) തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അധികാരമേറ്റിട്ട് ആറാഴ്ച പിന്നിടുമ്പോഴാണ് പൊതുഗതാഗത മേഖലയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നിന് സർക്കാർ തുടക്കമിടുന്നത്.
പുതിയ ബസുകൾ സർവീസിലിറങ്ങിയതോടെ യാത്രക്കാർക്ക് കാത്തിരിപ്പ് സമയം കുറയുകയും വിവിധ മേഖലകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ പൊതുഗതാഗത ആവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ സേവനങ്ങൾ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇതിന്റെ തുടർച്ചയായി 500 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കാനുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെയും സ്വകാര്യ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെയും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള സംസ്ഥാനത്തിന്റെ നീക്കത്തിൽ ഈ പദ്ധതി നിർണായക ചുവടുവയ്പ്പാകുമെന്നാണ് വിലയിരുത്തൽ.