രാജ്യത്തെ ആറു പ്രധാന വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ ₹20,000 കോടിയിലേറെ നിക്ഷേപിച്ച് സമഗ്ര എയർപോർട്ട് സിറ്റി പദ്ധതികൾ നടപ്പാക്കുമെന്ന് അദാനി എയർപോർട്ട് സിറ്റി ലിമിറ്റഡ് പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളെ ആധുനിക നഗര-വാണിജ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളിലായി ഏകദേശം 655 ഏക്കർ വിസ്തൃതിയിലാണ് പദ്ധതികൾ നടപ്പാക്കുക. മൊത്തം 2.2 കോടി ചതുരശ്ര അടി വിസ്തൃതിയിൽ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങി വിവിധ മിശ്ര ഉപയോഗ സൗകര്യങ്ങൾ വികസിപ്പിക്കും.
മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 70 ശതമാനവും മുംബൈയിലും നവി മുംബൈയിലുമുള്ള പദ്ധതികൾക്കായിരിക്കും വിനിയോഗിക്കുക. വിമാനത്താവളങ്ങളെ കേവലം യാത്രാ കേന്ദ്രങ്ങളല്ലാതെ, കാൽനടയായി സഞ്ചരിക്കാവുന്ന ആധുനിക വാണിജ്യ-നഗര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.
ലോകോത്തര വിമാനത്താവള വികസന മാതൃകകളായ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തെ മാതൃകയാക്കിയാണ് ഈ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. വ്യവസായം, വിനോദസഞ്ചാരം, നിക്ഷേപം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകാനും പദ്ധതി സഹായിക്കുമെന്നാണ് അദാനി എയർപോർട്ട് സിറ്റി ലിമിറ്റഡിന്റെ വിലയിരുത്തൽ.
ഇന്ത്യയുടെ വ്യോമയാന അടിസ്ഥാനസൗകര്യ വികസനത്തിന് പുതിയ ദിശ നൽകുന്നതിനൊപ്പം വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ലോകോത്തര വാണിജ്യ-നഗര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും ഈ പദ്ധതി നിർണായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.