You are currently viewing വൈദ്യുതി ക്ഷാമം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമെന്ന് കെ.എസ്.ഇ.ബി

വൈദ്യുതി ക്ഷാമം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവും ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യവും മൂലം സംസ്ഥാനത്ത് ജൂൺ 27 വെള്ളിയാഴ്ച രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് 7 മണിക്ക് ശേഷമാണ് നിയന്ത്രണം അനിവാര്യമായത്.

കെ.എസ്.ഇ.ബി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാത്രി 7 മുതൽ 8 വരെ 514 മെഗാവാട്ടും, 8 മുതൽ 9 വരെ 622 മെഗാവാട്ടും, 9 മുതൽ 10 വരെ 580 മെഗാവാട്ടും, 10 മുതൽ 11 വരെ 588 മെഗാവാട്ടും, 11 മുതൽ 12 വരെ 578 മെഗാവാട്ടും, അർധരാത്രി 12 മുതൽ പുലർച്ചെ 1 വരെ 250 മെഗാവാട്ടും വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായി. ഈ കുറവ് പരിഹരിക്കുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

സംസ്ഥാനത്തിന്റെ ആകെ വൈദ്യുതി ഉപഭോഗം ഇന്നലെ 86.92 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ കെ.എസ്.ഇ.ബിയുടെ ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനം 17.32 ദശലക്ഷം യൂണിറ്റായിരുന്നു. ആഭ്യന്തര ഉൽപ്പാദനം ആകെ ഉപഭോഗത്തിന്റെ 19.9 ശതമാനം മാത്രമാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും രാത്രി 7.20-ന് സംസ്ഥാനത്ത് 4,635 മെഗാവാട്ട് എന്ന ഉയർന്ന പീക്ക് വൈദ്യുതി ആവശ്യകത രേഖപ്പെടുത്തി. മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കാലവർഷത്തിലെ മഴക്കുറവ് ജലവൈദ്യുത ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 58.58 ശതമാനമായിരുന്നു. ജൂൺ മാസത്തിൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 58 ശതമാനം മാത്രമാണ് ലഭിച്ചത്.

അതേസമയം, എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് രാജ്യത്താകെ ഉയർന്ന താപനില തുടരുന്നതിനാൽ വൈദ്യുതി ആവശ്യകത വർധിക്കുകയും ദേശീയതലത്തിൽ വൈദ്യുതി ദൗർലഭ്യം രൂക്ഷമാകുകയും ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി വിലയിരുത്തുന്നു. താപനില ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ ദേശീയതലത്തിലെ വൈദ്യുതി ക്ഷാമം തുടർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

എന്നാൽ സംസ്ഥാനത്ത് മൺസൂൺ ശക്തിപ്രാപിക്കുകയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിക്കുകയും ചെയ്താൽ നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ.

Leave a Reply