You are currently viewing കണക്ട് കുണ്ടറ വഴി വിദ്യാഭ്യാസ മികവ് ശക്തിപ്പെടുത്തും: മന്ത്രി പി. സി. വിഷ്ണുനാഥ്

കണക്ട് കുണ്ടറ വഴി വിദ്യാഭ്യാസ മികവ് ശക്തിപ്പെടുത്തും: മന്ത്രി പി. സി. വിഷ്ണുനാഥ്

കുണ്ടറ: ജില്ലയിലെ പൊതു-ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവും വികസനവും കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. കണക്ട് കുണ്ടറ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ പവിത്രം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച എം.എൽ.എ മെറിറ്റ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സർവകലാശാലകളുടെ പ്രവേശന പരീക്ഷകൾ ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്കായി പ്രദേശത്തെ വിദ്യാർഥികൾക്ക് പദ്ധതിയിലൂടെ പരിശീലനം നൽകിയതായി മന്ത്രി പറഞ്ഞു. പൊതുപരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് പുനർപരീക്ഷയ്ക്കായി പഠനപിന്തുണയും കണക്ട് കുണ്ടറ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സൃഷ്ടിക്കുന്ന പുതിയ തൊഴിൽ-സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താൻ യുവതലമുറയെ പ്രാപ്തരാക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ വിവിധ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളുകൾക്കും വിദ്യാർഥികൾക്കും മന്ത്രി മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

കുണ്ടറ എ.ഇ.ഒ. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. ബി.പി.ഒ. റോഷിൻ എം. നായർ, കണക്ട് കുണ്ടറ കോർഡിനേറ്റർ സി.ജി. അതുൽകൃഷ്ണ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply