അടൂർ: അടൂർ നിയോജകമണ്ഡലത്തിലെ കെ.ഐ.പി കനാൽ തീരങ്ങളുടെയും കനാലിന് കുറുകെയുള്ള നടപ്പാലങ്ങളുടെയും അതീവ അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചതായി അടൂർ എംഎൽഎ സി. വി. ശാന്തകുമാർ കല്ലേലി അറിയിച്ചു.
ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ സബ്മിഷനിൽ, കനാൽ തീരങ്ങളുടെ ശോചനീയാവസ്ഥയും നിരവധി സ്ഥലങ്ങളിലെ നടപ്പാലങ്ങളുടെ അപകടസാധ്യതയും ചൂണ്ടിക്കാട്ടിയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. പ്രദേശവാസികളുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
സബ്മിഷന് മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം സർക്കാർ ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്ന് അറിയിച്ചു. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കെ.ഐ.പി കനാലിന്റെ പുനരുദ്ധാരണത്തിനായി 10 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അടൂർ നിയോജകമണ്ഡലത്തിലെ കെ.ഐ.പി കനാലിന്റെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയതായി സി. വി. ശാന്തകുമാർ കല്ലേലി അറിയിച്ചു.
പദ്ധതി നടപ്പാകുന്നതോടെ കനാൽ തീരങ്ങളുടെ സംരക്ഷണം, അപകടാവസ്ഥയിലുള്ള നടപ്പാലങ്ങളുടെ നവീകരണം, പൊതുജനങ്ങളുടെ സുരക്ഷ എന്നിവ ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.