ചെന്നൈ: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിൽ വലിയ മാറ്റത്തിന് തുടക്കമിട്ട്, ഇനി മുതൽ എയർ കണ്ടീഷൻഡ് (എസി) ബസുകൾ മാത്രമേ വാങ്ങുകയുള്ളൂവെന്ന് തമിഴ്നാട് ഗതാഗതമന്ത്രി എ. വിജയ് തമിഴൻ പാർത്തിബൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അടുത്തിടെ നടത്തിയ ബസ് യാത്രയ്ക്കും പൊതുഗതാഗതം കൂടുതൽ സൗകര്യപ്രദമാക്കണമെന്ന നിർദേശത്തിനും പിന്നാലെയാണ് ഈ തീരുമാനം.
സംസ്ഥാനത്ത് വേനൽക്കാലത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന സാഹചര്യത്തിൽ, എസി ബസ് ഒരു ആഡംബര സൗകര്യമല്ല, യാത്രക്കാരുടെ അടിസ്ഥാന ആവശ്യമായി കാണണമെന്നാണ് സർക്കാരിന്റെ നിലപാട്. അതിന്റെ ഭാഗമായാണ് പുതിയ ബസുകൾ എല്ലാം എസി സൗകര്യത്തോടെയായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി എസി സൗകര്യമുള്ള ഇലക്ട്രിക് ബസുകൾക്കും സർക്കാർ മുൻഗണന നൽകും. പൊതുഗതാഗതത്തെ കൂടുതൽ ആധുനികവും പരിസ്ഥിതി സൗഹൃദവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അടുത്തിടെ സംസ്ഥാന സർക്കാർ 300 പുതിയ ബസുകൾ സർവീസിലിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബസ് ശൃംഖല കൂടുതൽ നവീകരിക്കുകയും യാത്രക്കാർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള പുതിയ നടപടികൾ സ്വീകരിക്കുന്നത്.
പൊതുഗതാഗത മേഖലയെ കാലാനുസൃതമായി നവീകരിക്കുന്നതിലൂടെ യാത്രക്കാരുടെ ആശ്രയത്വം വർധിപ്പിക്കാനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഈ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.