യുഎഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ സർവീസിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. 2026 ജൂൺ 30-ന് ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ഏകദേശം 1 മണിക്കൂർ 45 മിനിറ്റാണ് യാത്രാസമയം. തുടക്കത്തിൽ ഇരു ദിശകളിലുമായി പ്രതിദിനം മൂന്ന് സർവീസുകളാണ് നടത്തുന്നത്.
പൂർണ യാത്രാ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനം 2026 സെപ്റ്റംബർ 30-ന് നടക്കും. അന്ന് മുതൽ ദുബായ് (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്), അൽ ധൈദ് സ്റ്റേഷനുകളും ശൃംഖലയുടെ ഭാഗമാകും. തുടർന്ന് 2026 ഡിസംബറിൽ അൽ ധഫ്ര സ്റ്റേഷനും 2027 മാർച്ചിൽ ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷനും പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകളിൽ വിവിധ ക്ലാസുകളിലായി 400 വരെ യാത്രക്കാർക്ക് സഞ്ചരിക്കാനാകും. യാത്രക്കാരെ ആകർഷിക്കുന്നതിനായി ആരംഭഘട്ടത്തിൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കംഫർട്ട് ക്ലാസ് നിരക്ക് ഏകദേശം 55 ദിർഹവും പ്രീമിയം ക്ലാസ് നിരക്ക് ഏകദേശം 120 ദിർഹവും ആയിരിക്കും.
ചരക്കുഗതാഗതത്തിന് പ്രധാന്യം നൽകിയിരുന്ന യുഎഇയുടെ റെയിൽ ശൃംഖലയെ രാജ്യത്തെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന സമഗ്ര യാത്രാ ഗതാഗത സംവിധാനമാക്കി മാറ്റുന്നതിലെ നിർണായക ചുവടുവയ്പ്പായാണ് പുതിയ യാത്രാ ട്രെയിൻ സർവീസിനെ വിലയിരുത്തുന്നത്.