You are currently viewing ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ദാരുണ അപകടം; ട്രെയിൻ തട്ടി 61കാരി മരിച്ചു

ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ദാരുണ അപകടം; ട്രെയിൻ തട്ടി 61കാരി മരിച്ചു

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിന് സമീപമുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. മുളംതുരുത്തി സ്വദേശി രത്നമ്മ കെ.ആർ. (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം.

ചെങ്ങന്നൂരിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലെ മറ്റൊരു ബന്ധുവിനെ സന്ദർശിക്കാൻ ചെങ്ങന്നൂരിൽ നിന്ന് മാവേലിക്കരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. സ്റ്റേഷൻ മാറി ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ രത്നമ്മ, തിരിച്ചുപോകാൻ മറ്റൊരു ട്രെയിനിനായി കാത്തുനിൽക്കുന്നതിനിടെ കാൽതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

ഇതിനിടെ അതേ ട്രാക്കിലൂടെ എത്തിയ ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രത്നമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ബഹ്റൈനിൽ താമസിക്കുന്ന മൂത്തമകൻ യദുകൃഷ്ണന്റെ അടുത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് രത്നമ്മ നാട്ടിലെത്തിയത്. യദുകൃഷ്ണൻ, അനന്ദു കൃഷ്ണൻ, ആർച്ച ഉണ്ണി എന്നിവർ മക്കളും, സ്നേഹ യദുകൃഷ്ണൻ, അനഘ അനന്ദു എന്നിവർ മരുമക്കളുമാണ്.

സംഭവത്തിൽ റെയിൽവേ പോലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply