You are currently viewing യാത്രാക്ലേശത്തിന് പരിഹാരവും സംരംഭങ്ങൾക്ക് കരുത്തുമായി കുടുംബശ്രീയുടെ ‘ആജീവിക ഗ്രാമീൺ എക്‌സ്പ്രസ് യോജന’

യാത്രാക്ലേശത്തിന് പരിഹാരവും സംരംഭങ്ങൾക്ക് കരുത്തുമായി കുടുംബശ്രീയുടെ ‘ആജീവിക ഗ്രാമീൺ എക്‌സ്പ്രസ് യോജന’

ഇടുക്കി: ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനും കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്ന വിപണന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി കുടുംബശ്രീ ‘ആജീവിക ഗ്രാമീൺ എക്‌സ്പ്രസ് യോജന’ (എ.ജി.ഇ.വൈ.) പദ്ധതി നടപ്പിലാക്കുന്നു. കേരളത്തിൽ കുടുംബശ്രീയുടെ നോഡൽ ഏജൻസിയായ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പദ്ധതിയുടെ (എസ്.വി.ഇ.പി.) ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15 ബ്ലോക്കുകളിൽ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇടുക്കി, ചെങ്ങന്നൂർ, പനമരം ബ്ലോക്കുകളിൽ വാഹനങ്ങൾ വാങ്ങി സർവീസ് ആരംഭിച്ചു. മാനന്തവാടി, വണ്ടൂർ, കുറ്റിപ്പുറം, നിലമ്പൂർ, പറക്കോട്, റാന്നി, തൃത്താല, അട്ടപ്പാടി, പറവൂർ, ചടയമംഗലം, തളിപ്പറമ്പ, കാഞ്ഞങ്ങാട് തുടങ്ങിയ ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുക, കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്ക് ഉപജീവന മാർഗം ഒരുക്കുക, സി.ഡി.എസുകൾക്ക് അധിക വരുമാനമുണ്ടാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലെ പരിമിതികൾ മറികടക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇടുക്കി ബ്ലോക്കിൽ അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ചെറുതോണിയിൽ ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് നിർവഹിച്ചു. വാഴത്തോപ്പ് സി.ഡി.എസിലെ 11-ാം വാർഡിലെ ഭദ്രദീപം അയൽക്കൂട്ടാംഗമായ ഷമീറാണ് പദ്ധതിയുടെ ഭാഗമായി സംരംഭം ഏറ്റെടുത്തിരിക്കുന്നത്. കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിച്ച് വിപണനം നടത്തുന്നതിനൊപ്പം വിനോദസഞ്ചാരികളുടെ ചിത്രങ്ങൾ പകർത്തി ഫ്രെയിം ചെയ്ത് നൽകുന്ന സേവനവും വാഹനത്തിലൂടെ ലഭ്യമാക്കും.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഷിബു ജി. പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ബിജു നിള, ഗ്രാമപഞ്ചായത്ത് അംഗം കലേഷ് സി.ജി., കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ സേതുലക്ഷ്മി കെ.എസ്., അരുണ്‍ വി.എ. എന്നിവർ സംസാരിച്ചു. വാഴത്തോപ്പ് സി.ഡി.എസ്. ചെയർപേഴ്സൺ ബിന്ദു ജോസ് നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply