ഓച്ചിറ: ഓച്ചിറ പ്രയാറിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ ഗുരുതര വാഹനാപകടത്തിൽ യുവതി മരിച്ചു. കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ **അമൃത (27)**യാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ഓച്ചിറ–ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്കുവശത്തായിരുന്നു അപകടം. ഓച്ചിറയിൽ നിന്ന് വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് അഴീക്കൽ ഭാഗത്തുനിന്നെത്തിയ സ്വിഫ്റ്റ് കാർ ഇടിച്ചുകയറിയത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന അമൃതയുടെ ഭർതൃമാതാവ് പത്മാവതി (60), മകൾ അർച്ചന (24), അമൃതയുടെ രണ്ടുവയസുകാരിയായ മകൾ മിലോനി (2), കാർ ഡ്രൈവറായ മുണ്ടക്കയം കുളത്തിങ്കൽ വീട്ടിൽ സാംസൺ (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരായ ലീലാമണി (50), പൂജ ബിജു (18), പത്മകുമാരി (50), ഷൈജ ബീഗം (44), നജീബ് (65), രജനി (34) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ ഓച്ചിറയിലെ പരബ്രഹ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
മരണമടഞ്ഞ അമൃതയുടെ മൃതദേഹം ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.