എറണാകുളം: കേന്ദ്ര സർക്കാരിന്റെ പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന പദ്ധതിക്ക് കീഴിൽ മാതൃകാ സോളാർ ഗ്രാമമായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മത്സരത്തിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലയിലെ എട്ട് പഞ്ചായത്തുകളും അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. മാതൃകാ സോളാർ ഗ്രാമമായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തിന് സോളാർ ഊർജ പദ്ധതികൾ കൂടുതൽ വിപുലീകരിക്കുന്നതിനായി കേന്ദ്ര സർക്കാരിൽ നിന്ന് ഒരു കോടി രൂപയുടെ ധനസഹായം ലഭിക്കും.
കുമ്പളങ്ങി, പൈപ്ര, മുളന്തുരുത്തി, ചിറ്റാറ്റുകര, കുഴുപ്പിള്ളി, ചോറ്റാനിക്കര, മണീട്, ഒക്കൽ എന്നീ പഞ്ചായത്തുകളാണ് ജില്ലയിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കുന്നത്. മാർച്ചിൽ ആരംഭിച്ച ആറുമാസത്തെ മത്സരകാലയളവിൽ 216 വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിച്ച് 742 കിലോവാട്ട് അധിക ഉത്പാദനശേഷി കൈവരിച്ച കുമ്പളങ്ങി പഞ്ചായത്താണ് നിലവിൽ ജില്ലയിൽ മുന്നിൽ.
പദ്ധതിയുടെ ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പഞ്ചായത്തുകൾ സ്വന്തം ഫണ്ടും പ്ലാൻ ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഗുണഭോക്താക്കൾക്ക് കുറഞ്ഞ പലിശനിരക്കിൽ സോളാർ വായ്പകൾ ലഭ്യമാക്കാൻ ലീഡ് ബാങ്കിന്റെ സഹകരണത്തോടെ ലോൺ മേളകൾ സംഘടിപ്പിക്കണമെന്നും, വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും അവർ പറഞ്ഞു. ലോൺ മേളകളിൽ ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ വായ്പ അനുവദിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
പദ്ധതി നടപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച എറണാകുളം ജില്ല രാജ്യത്ത് എട്ടാം സ്ഥാനം നേടിയിരുന്നു. 42,843 റൂഫ്‌ടോപ്പ് സോളാർ ഉപഭോക്താക്കളുടെ പങ്കാളിത്തത്തോടെ പദ്ധതി വിജയകരമായി നടപ്പാക്കിയതിനുള്ള അംഗീകാരമായി, കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്ന് ജില്ലയ്ക്കുള്ള പുരസ്കാരം ജൂൺ 4-ന് ന്യൂഡൽഹിയിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഏറ്റുവാങ്ങിയിരുന്നു.