You are currently viewing വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ്ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചു

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ്ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചു

ഹനോയ്: വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ്ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ കുറഞ്ഞത് 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. ശനിയാഴ്ച (ജൂലൈ 11) നടന്ന അപകടത്തിൽ 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരെ കാണാതായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് തിരച്ചിൽ തുടരുകയാണ്.

32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടക്കം ഏകദേശം 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ദ്വീപ് സന്ദർശനം കഴിഞ്ഞ് ആൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് ഹോൻ മായ് റൂത് ന്ഗോയ് ദ്വീപിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയായി സ്പീഡ്ബോട്ട് മറിഞ്ഞത്. തീരത്തോട് അടുത്തായിരുന്നതിനാൽ യാത്രക്കാർ സഹായത്തിനായി നിലവിളിച്ചതായും സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.

അപകടത്തെ തുടർന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അടിയന്തര നിയന്ത്രണ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി. ഹനോയിയിലും ഹോ ചി മിൻ സിറ്റിയിലും ഹെൽപ്‌ലൈൻ നമ്പറുകൾ തുറന്ന് ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 32 ഇന്ത്യൻ വിനോദസഞ്ചാരികളുടെ വിവരങ്ങളും എംബസി പുറത്തുവിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

അപകടത്തിന് പിന്നിൽ കടലിലെ ശക്തമായ തിരമാലകളോ പെട്ടെന്നുണ്ടായ പ്രതികൂല കാലാവസ്ഥയോ കാരണമാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ വിയറ്റ്നാം പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

2025 ജൂലൈയിൽ വടക്കൻ വിയറ്റ്നാമിലെ ഹാ ലോംഗ് ഉൾക്കടലിൽ ‘വണ്ടർ സീ’ എന്ന വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ച ദുരന്തത്തിൽ നിന്ന് വ്യത്യസ്തമായ സംഭവമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply