ദുബായ്: രാത്രിയിൽ മണിക്കൂറിൽ 230 കിലോമീറ്ററിലധികം വേഗത്തിൽ വാഹനം ഓടിച്ചുകൊണ്ട് സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളെ വെട്ടിക്കാൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ മനഃപൂർവം നീക്കം ചെയ്ത ഡ്രൈവറെ ദുബായ് പൊലീസ് പിടികൂടി. പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ഗുരുതര നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് പൊലീസിന്റെ വിവരമനുസരിച്ച്, അതിവേഗത്തിൽ സഞ്ചരിച്ച വാഹനം രാത്രികാല ഹൈവേയിലൂടെയായിരുന്നു യാത്ര ചെയ്തത്. സ്മാർട്ട് ട്രാഫിക് ക്യാമറകളിൽ നിന്ന് രക്ഷപ്പെടാനാണ് ഡ്രൈവർ വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2023-ലെ വാഹനം പിടിച്ചെടുക്കൽ സംബന്ധിച്ച ഡിക്രി നമ്പർ 30 പ്രകാരം, ഇത്തരം നിയമലംഘനത്തിന് 50,000 യുഎഇ ദിർഹം പിഴയും വാഹനം പിടിച്ചെടുക്കലും (ഇംപൗണ്ട്) ഉൾപ്പെടെയുള്ള കർശന നടപടികളും ബാധകമാണ്. അമിതവേഗവും നിയമം മറികടക്കാനുള്ള ശ്രമങ്ങളും സമൂഹത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതിനാലാണ് ഈ ശിക്ഷാനടപടികൾ നടപ്പാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദുബായ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അതിൽ നിയമലംഘനം കണ്ടെത്തിയതും തുടർന്ന് സ്വീകരിച്ച നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഗതാഗത നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന പോലീസ് ഐ സ്മാർട്ട് സേവനം ഉപയോഗപ്പെടുത്താനും പൊലീസ് ആഹ്വാനം ചെയ്തു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണവും നിർണായകമാണെന്നും, അപകടകരമായ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് പൊലീസ് അഭ്യർഥിച്ചു.