You are currently viewing മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കോൺഗ്രസിൽ വിവാദം കത്തുന്നു

മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കോൺഗ്രസിൽ വിവാദം കത്തുന്നു

കൊച്ചി: ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിനുള്ളിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായതോടെ പാർട്ടിക്കുള്ളിൽ തന്നെ അനുകൂല-വിരുദ്ധ പ്രതികരണങ്ങൾ ശക്തമായിരിക്കുകയാണ്.

സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് നേരിൽ കണ്ട് വിശദീകരണം തേടാൻ അലോഷ്യസ് സേവ്യറും സംഘവും തിരുവനന്തപുരത്ത് സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. തിരക്കുകൾ മൂലമായിരിക്കാം അനുമതി ലഭിക്കാതിരുന്നതെന്ന് അലോഷ്യസ് സേവ്യർ പിന്നീട് പ്രതികരിച്ചു.

ഇതിനിടെ കൊച്ചി തേവര എസ്.എച്ച്. കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിൽ ഇരുവരും ഒരേ വേദിയിലെത്തിയെങ്കിലും, പ്രസംഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാൻ കാത്തുനിന്ന അലോഷ്യസ് സേവ്യറെ അഭിവാദ്യം ചെയ്യാതെയും സംസാരിക്കാതെയും മുഖ്യമന്ത്രി മടങ്ങിയ സംഭവം രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ഇന്ധനമായി.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച അലോഷ്യസ് സേവ്യർ, “ഞാൻ പഠിച്ച രാഷ്ട്രീയം മുതിർന്ന നേതാക്കളെ കാണുമ്പോൾ ചിരിക്കുക എന്നതാണ്. മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് എനിക്ക് മറുപടിയില്ല,” എന്ന് മാധ്യമങ്ങളോട് പറഞ്ഞു. കെ.എസ്‌.യു പ്രവർത്തകരുടെ അധ്വാനമാണ് പാർട്ടിയുടെ ശക്തിയെന്നും, പ്ലീഡർ നിയമനത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കെ.പി.സി.സി വക്താവ് വി.ആർ. അനൂപും രംഗത്തെത്തി. ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി. ശശികലയ്ക്കും ആർ.വി. ബാബുവിനും നൽകിയ ജനാധിപത്യപരമായ പരിഗണന സ്വന്തം പാർട്ടിയിലെ കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റിനും നൽകേണ്ടതായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

അതേസമയം, ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. മാധ്യമങ്ങൾക്കു മുന്നിൽ ആദ്യം വിവാദം സൃഷ്ടിച്ച ശേഷം പിന്നീട് നേതാക്കളെ കാണാൻ അനുമതി തേടുന്നതിൽ യുക്തിയില്ലെന്നും, ഇത്തരം പരസ്യ പ്രതികരണങ്ങൾ സി.പി.എമ്മിന്റെയും സംഘപരിവാറിന്റെയും രാഷ്ട്രീയ അജണ്ടയ്ക്ക് സഹായകരമാണെന്നും അദ്ദേഹം ആരോപിച്ചു.

വിഷയം കൂടുതൽ വഷളാകാതിരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഇടപെട്ടു. മുഖ്യമന്ത്രി കെ.എസ്‌.യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും, അദ്ദേഹത്തെ കാണാൻ പാർട്ടിയിൽ ആർക്കും തടസ്സമില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ എം.എൽ.എയും മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്.

മുൻ എ.ബി.വി.പി, എസ്.എഫ്.ഐ ബന്ധമുള്ളവരെ സർക്കാർ പ്ലീഡർമാരായി നിയമിച്ചുവെന്ന കെ.എസ്‌.യുവിന്റെ ആരോപണമാണ് വിവാദത്തിന് തുടക്കമായത്. എന്നാൽ നിയമനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിലാണെന്നും, ലോ കോളേജ് യൂണിയനുകളോ വിദ്യാർഥി സംഘടനകളോ അല്ല സർക്കാർ പ്ലീഡർമാരെ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply