
തിരുവനന്തപുരം: വേളാങ്കണ്ണി ദേവാലയ വാർഷിക തിരുനാളിനോടനുബന്ധിച്ച് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി എറണാകുളം ജംഗ്ഷൻ–വേളാങ്കണ്ണി–എറണാകുളം ജംഗ്ഷൻ റൂട്ടിൽ പ്രത്യേക പ്രതിവാര ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
06061 എറണാകുളം ജംഗ്ഷൻ–വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ 2026 ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിലെ വ്യാഴാഴ്ചകളിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടും. ട്രെയിൻ ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിലെ വെള്ളിയാഴ്ചകളിൽ വേളാങ്കണ്ണിയിലെത്തും.
മടക്കയാത്രയ്ക്കായി 06062 വേളാങ്കണ്ണി–എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിലെ വെള്ളിയാഴ്ചകളിൽ വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം എറണാകുളം ജംഗ്ഷനിലെത്തും.
ട്രെയിനുകൾ കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശിവകാശി, വിരുദുനഗർ, മധുര, കരക്കുടി, പുതുക്കോട്ടൈ, തിരുവാരൂർ, നാഗപട്ടണം ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.