You are currently viewing എറണാകുളം ബോട്ട് ജെട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സമഗ്ര നവീകരണത്തിന് നടപടി ആരംഭിക്കുമെന്ന് മന്ത്രി

എറണാകുളം ബോട്ട് ജെട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സമഗ്ര നവീകരണത്തിന് നടപടി ആരംഭിക്കുമെന്ന് മന്ത്രി

എറണാകുളം: വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന എറണാകുളം ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും അത്യാധുനിക രീതിയിൽ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. ബോട്ട് ജെട്ടി പ്രദേശം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ടി.ജെ. വിനോദ് എം.എൽ.എ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾക്ക് തുടക്കമിടുന്നത്. 2004-ൽ നിർമ്മിച്ച ബോട്ട് ജെട്ടിയും വാച്ച് ടവറും വർഷങ്ങളായി പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യം മാറ്റി, പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി.

നിലവിൽ വാക്ക്‌വേയുടെ ഭാഗമായ ഈ മേഖലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ റസ്റ്റോറന്റ് ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാച്ച് ടവർ അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും പ്രവർത്തനസജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായി നിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ മേയറുമായി പ്രത്യേക ചർച്ച നടത്തുമെന്നും കോർപ്പറേഷന്റെ പൂർണ സഹകരണത്തോടെയാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.

വാട്ടർ മെട്രോയുടെ പുതിയ ജെട്ടിയും ഉടൻ ഈ പ്രദേശത്ത് നിലവിൽ വരാനിരിക്കുകയാണെന്നും ഫോർട്ട് കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായി ദിവസേന നൂറുകണക്കിന് ആളുകളും വിനോദസഞ്ചാരികളും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമായതിനാൽ എറണാകുളം ബോട്ട് ജെട്ടിയുടെ വികസനത്തിന് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബോട്ട് ജെട്ടി നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പദ്ധതി യാഥാർഥ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

മന്ത്രി പി. സി. വിഷ്ണുനാഥിനൊപ്പം ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ കൃഷ്ണകുമാർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

Leave a Reply