
തിരുവനന്തപുരം: ആയിരക്കണക്കിന് സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ കരുനാഗപ്പള്ളി താലൂക്ക് ഗവൺമെന്റ് ആശുപത്രിയുടെ സമഗ്ര വികസനം, കൂടുതൽ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കൽ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരത്തെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു.
കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് തന്റെ സാമൂഹികമാധ്യമ പോസ്റ്റിലൂടെയാണ് യോഗത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനം, ചികിത്സാ സേവനങ്ങൾ വിപുലീകരിക്കൽ, ആവശ്യമായ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിനുള്ള നടപടികൾ എന്നിവയാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.
യോഗത്തിൽ കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ പി. സോമരാജൻ, ഡയറക്ടർ (ഇൻ-ചാർജ്), ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഡോ. വി. മീനാക്ഷി, അഡീഷണൽ ഡയറക്ടർ (പ്ലാനിംഗ്) ഡോ. ബി. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിംഗ്) ഡോ. അജിത വി., അസിസ്റ്റന്റ് ഡയറക്ടർ (പ്ലാനിംഗ്) ഡോ. സുകേഷ് രാജ്, കരുനാഗപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ എന്നിവർ പങ്കെടുത്തു.
കരുനാഗപ്പള്ളി മേഖലയിലെ സാധാരണ ജനങ്ങൾക്ക് കൂടുതൽ മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിൽ നടപ്പാക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ തുടരുമെന്ന് സി.ആർ. മഹേഷ് വ്യക്തമാക്കി. ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.