
കൊച്ചി: കളമശ്ശേരി ദേശീയപാതയിൽ മുട്ടം മുതൽ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര നടപടികൾ ആരംഭിച്ചു. മന്ത്രി അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഗതാഗതം സുഗമമാക്കുന്നതിനുള്ള നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ആദ്യഘട്ടമായി ദേശീയപാതയിലെ റെയിൽവേ മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി അടച്ച് ഗതാഗതയോഗ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാലാവസ്ഥ അനുകൂലമായാൽ ഉയർന്ന നിലവാരത്തിൽ റോഡ് പുനർനിർമിച്ച് ഗതാഗതം കൂടുതൽ സുഗമമാക്കാനും തീരുമാനിച്ചു.

ആലുവ ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ ആര്യാസ് ജംഗ്ഷനിൽ നിന്ന് പഴയ ദേശീയപാതയിലേക്ക് തിരിച്ചുവിടുന്ന നിലവിലെ ക്രമീകരണം മൂലം എൻ.എ.ഡി.–എച്ച്.എം.ടി. റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ പഴയ ദേശീയപാതയിൽ പ്രവേശിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ, പരീക്ഷണാടിസ്ഥാനത്തിൽ ആര്യാസ് ജംഗ്ഷനിലും ടി.വി.എസ്. ജംഗ്ഷനിലും സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.
ഇതോടൊപ്പം, ആലുവയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് എറണാകുളം ഭാഗത്തേക്ക് ദേശീയപാതയിലൂടെ നേരിട്ട് സഞ്ചരിക്കാനും, ബസുകൾക്ക് ആര്യാസ്, ടി.വി.എസ്. ജംഗ്ഷനുകളിൽ ഫ്രീ ലെഫ്റ്റ് അനുവദിക്കാനും ട്രാഫിക് വിഭാഗത്തിന് നിർദേശം നൽകി. എറണാകുളത്ത് നിന്ന് വരുന്ന ബസുകൾക്കും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള വാഹനങ്ങൾക്കും ആര്യാസ് ജംഗ്ഷനിലെ സിഗ്നൽ കട്ട് ചെയ്ത് പഴയ ദേശീയപാത വഴി എച്ച്.എം.ടി. ജംഗ്ഷനിലേക്ക് പ്രവേശിക്കാനുള്ള സംവിധാനവും പരിഗണിക്കുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ ട്രാഫിക് പരിഷ്കാരത്തെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് തീരുമാനം. എച്ച്.എം.ടി. ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജ് റോഡിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിലവിലെ യു-ടേണുകളുടെ എണ്ണം കുറയ്ക്കാനും, സീപോർട്ട്–എയർപോർട്ട് റോഡിൽ ടാങ്കർ ലോറിയുൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തടയാനും നിർദേശം നൽകി.
എച്ച്.എം.ടി. ജംഗ്ഷനിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രാഫിക് പോലീസിനും നാഷണൽ ഹൈവേ അതോറിറ്റിക്കും ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള ഗതാഗത ക്രമീകരണങ്ങൾ ഒരുക്കാനുള്ള ചുമതലയും നൽകി.
യോഗത്തിൽ കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, വൈസ് ചെയർപേഴ്സൺ ഷെറീന കമറുദ്ദീൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, ട്രാഫിക് പോലീസ്, നാഷണൽ ഹൈവേ അതോറിറ്റി, പി.ഡബ്ല്യു.ഡി., കെ.ആർ.എഫ്.ബി., ഗെയിൽ, അദാനി എന്നിവയുൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.