
പാലാ: ശക്തമായ മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യമാണ് നിലനിൽക്കുന്നത്. പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വിവിധ റോഡുകളിലും വെള്ളം കയറി ഗതാഗതം ദുഷ്കരമായിട്ടുണ്ട്.
സ്ഥിതിഗതികൾ ഗുരുതരമായ സാഹചര്യത്തിൽ പാലാ നിയോജക മണ്ഡലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ മണി സി. കാപ്പൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജില്ലാ കളക്ടറുമായും ദുരന്തനിവാരണ വിഭാഗം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെടുകയും സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ ഏകോപിപ്പിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ സജ്ജരാകണമെന്നും അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും എം.എൽ.എ നിർദേശിച്ചു. ഔദ്യോഗിക അറിയിപ്പുകളും ദുരന്തനിവാരണ സേനയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും എല്ലാവരും ജാഗ്രത പാലിച്ച് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മണി സി. കാപ്പൻ പറഞ്ഞു.