
ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലമുണ്ടായ ഗുരുതരമായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു.

മഴക്കെടുതിയിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്കായി കേന്ദ്ര സർക്കാർ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് വീടുകൾ, റോഡുകൾ, കൃഷി, വ്യാപാര മേഖലകൾ എന്നിവയ്ക്ക് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. ഓണാഘോഷം മുന്നിൽക്കണ്ട് വ്യാപാരികൾ സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ച സാഹചര്യത്തിൽ അവർക്കായി പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘങ്ങൾ പലപ്പോഴും ദുരന്തത്തിന്റെ തീവ്രത കുറഞ്ഞ ശേഷമാണ് എത്തുന്നതെന്നും, ഇതുമൂലം യഥാർഥ നാശനഷ്ടങ്ങളുടെ വ്യാപ്തി നേരിട്ട് വിലയിരുത്താൻ കഴിയാതെ പോകുന്ന സാഹചര്യമുണ്ടെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി.
ദുരന്തത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായിരിക്കുന്ന ആദ്യഘട്ടത്തിൽ തന്നെ കേന്ദ്രസംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും, ദുരന്തമുണ്ടായ ആദ്യ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുന്ന സ്ഥിരം ദേശീയ സംവിധാനം കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ദുരിതബാധിത ജനങ്ങളുടെ പുനരധിവാസവും അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണവും വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിലൂടെ അദ്ദേഹം അഭ്യർഥിച്ചു.