
കണ്ണൂർ: ചെറുപുഴയ്ക്കടുത്ത് മീന്തുള്ളി തുരുത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മറ്റൊരാളെ രക്ഷിക്കുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മരണം അദ്ദേഹം ഒഴുക്കിൽ നിന്ന് രക്ഷിച്ച ബെന്നിയെ തീരാ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്വന്തം ജീവൻ പണയംവെച്ച് ബെന്നിയെ രക്ഷിച്ച ശേഷമാണ് 36കാരനായ രാജേഷ് പുഴയുടെ കുത്തൊഴുക്കിൽ അകപ്പെട്ടത്.
‘എനിക്ക് അറുപത്തിയൊന്ന് വയസ്സായി… ഈ വെള്ളത്തിൽപ്പെട്ട് എനിക്കെന്തെങ്കിലും സംഭവിച്ചാലും സാരമില്ലായിരുന്നു. പക്ഷേ, എന്നെ രക്ഷിക്കാൻ അവൻ വരേണ്ടിയിരുന്നില്ല…’ — രാജേഷിനെ ഓർത്ത് കണ്ണീരോടെ ബെന്നി പറയുന്നു.

പെട്ടെന്ന് എത്തിയ മലവെള്ളപ്പാച്ചിലിൽ മീന്തുള്ളി തുരുത്തിൽ കുടുങ്ങിപ്പോയതായിരുന്നു ബെന്നി. ഫോണും മറ്റുസാധനങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയി. രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ലാതെ കഴുത്തറ്റം വെള്ളത്തിൽ ഒരു തെങ്ങിൽ വട്ടംപിടിച്ച് നിൽക്കുകയായിരുന്നു അദ്ദേഹം.
അപ്പോഴാണ് രക്ഷാപ്രവർത്തകനായ രാജേഷും സുഹൃത്തുക്കളും സ്ഥലത്തെത്തിയത്. കുത്തിയൊഴുകുന്ന പുഴയിലൂടെ നീന്തി ബെന്നിയുടെ അടുത്തെത്തിയ രാജേഷ്, സ്വന്തം ശരീരത്തിലുണ്ടായിരുന്ന ജീവൻരക്ഷാ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കയറിൽ പിടിച്ച് ഇരുവരും കരയിലേക്ക് നീന്തിത്തുടങ്ങി.
ബെന്നി സുരക്ഷിതമായി കരയിലെത്തി. എന്നാൽ പിന്നാലെയുണ്ടായിരുന്ന രാജേഷിന്റെ കയറിലെ പിടി അപ്രതീക്ഷിതമായി വിട്ടുപോയി. ബെന്നി തിരിഞ്ഞുനോക്കുമ്പോഴേക്കും കുത്തിയൊഴുകുന്ന വെള്ളത്തിൽ രാജേഷ് അപ്രത്യക്ഷനായിരുന്നു.
മുൻപും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ് രാജേഷ്. പ്രളയകാലത്തും വയനാട് ഉരുൾപൊട്ടലുണ്ടായപ്പോഴും രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ രാജേഷുണ്ടായിരുന്നു. മികച്ച നീന്തൽക്കാരനും ദേശീയ കായികതാരവുമാണ് അദ്ദേഹം.