
ബൊഗോട്ട: മയക്കുമരുന്ന് കടത്തുകാരെയും നാർക്കോ-തീവ്രവാദികളെയും അനധികൃത ആയുധസംഘങ്ങളെയും നേരിടാൻ കടുത്ത സുരക്ഷാ നയം പ്രഖ്യാപിച്ച് കൊളംബിയയുടെ പുതിയ പ്രസിഡന്റ് അബെലാർഡോ “എൽ ടിഗ്രെ” ഡി ലാ എസ്പ്രിയേല്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സുരക്ഷാ, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ അടുത്ത സഹകരണം ഉറപ്പാക്കുന്നതിനൊപ്പം, എൽ സാൽവഡോർ പ്രസിഡന്റ് നയീബ് ബുകെലെ സ്വീകരിച്ച കടുത്ത കുറ്റകൃത്യവിരുദ്ധ നടപടികളിൽനിന്നും പ്രചോദനം ഉൾക്കൊള്ളുന്ന സമീപനമാണ് പുതിയ സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
വലതുപക്ഷ രാഷ്ട്രീയ നിലപാടുള്ള മുൻ അഭിഭാഷകനും രാഷ്ട്രീയത്തിന് പുറത്തുനിന്നെത്തിയ നേതാവുമായ ഡി ലാ എസ്പ്രിയേല്ല ഓഗസ്റ്റ് 7ന് കാലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതോടെ മുൻ പ്രസിഡൻറ് ഗുസ്താവോ പെട്രോയുടെ സർക്കാരിന് അന്ത്യമായി.
അനധികൃത സായുധസംഘങ്ങൾക്കും മയക്കുമരുന്ന് കാർട്ടലുകൾക്കുമെതിരെ അതിവേഗവും ശക്തവുമായ നടപടി സ്വീകരിക്കുമെന്ന് പുതിയ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കൂട്ടത്തോടെ തടവിലാക്കുന്നതിനായി എൽ സാൽവഡോറിലെ
‘സെക്കോട്ട്’ (CECOT -Terrorism Confinement Center) മാതൃകയിലുള്ള വൻ ജയിലുകൾ നിർമ്മിക്കാനും ഭരണകൂടം പദ്ധതിയിടുന്നു.

എൽ സാൽവഡോറിൽ പ്രസിഡന്റ് നയീബ് ബുകെലെ നടപ്പാക്കിയ ‘മെഗാ ജയിൽ’ സംവിധാനവും വ്യാപകമായ അറസ്റ്റുകളും കൊലപാതകസംഘങ്ങൾക്കെതിരായ സൈനിക-പോലീസ് നടപടികളും ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. അതേ മാതൃകയിൽ, സംഘടിത കുറ്റകൃത്യങ്ങളെയും മയക്കുമരുന്ന് ശൃംഖലകളെയും ശക്തമായി അടിച്ചമർത്തുകയാണ് ഡി ലാ എസ്പ്രിയേല്ലയുടെ ലക്ഷ്യം. നിയമപാലനത്തിന് മുൻഗണന നൽകി രാജ്യത്തെ സുരക്ഷാ സാഹചര്യം അടിമുടി മാറ്റുമെന്ന് പുതിയ സർക്കാർ വാഗ്ദാനം ചെയ്യുന്നു.
അതേസമയം, ബുകെലെ മാതൃകയിലെ കർശന നടപടികൾ മനുഷ്യാവകാശങ്ങളെയും നിയമപരമായ നടപടിക്രമങ്ങളെയും കുറിച്ച് ഉയർത്തിയ ആശങ്കകളും കൊളംബിയൻ സർക്കാരിന് വെല്ലുവിളിയാകും. വൻതോതിലുള്ള അറസ്റ്റുകളും ദീർഘകാല തടങ്കലുകളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ വിമർശനത്തിന് ഇടയാക്കിയിട്ടുള്ളതാണ് എൽ സാൽവഡോർ മാതൃക.
അമേരിക്കയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും പുതിയ സുരക്ഷാ നയത്തിന്റെ പ്രധാന ഘടകമാണ്. മയക്കുമരുന്ന് കടത്ത് തടയുന്നതിനും നാർക്കോ-തീവ്രവാദ ശൃംഖലകളെ തകർക്കുന്നതിനുമായി ട്രംപ് ഭരണകൂടവുമായി അടുത്ത ഏകോപനം നടത്തുമെന്ന് ഡി ലാ എസ്പ്രിയേല്ല വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോ സർക്കാരിന്റെ സമവായപരമായ സമീപനത്തിൽനിന്ന് വ്യത്യസ്തമായി, ‘കടുത്ത നടപടി, ശക്തമായ നിയമപാലനം, കുറ്റവാളികൾക്കെതിരെ വേഗത്തിലുള്ള ശിക്ഷ’ എന്ന നിലപാടിലേക്കാണ് കൊളംബിയ നീങ്ങുന്നത്. ബുകെലെയുടെ എൽ സാൽവഡോർ മാതൃകയും ട്രംപിന്റെ മയക്കുമരുന്ന് വിരുദ്ധ സമീപനവും പുതിയ കൊളംബിയൻ സർക്കാരിന്റെ സുരക്ഷാ നയത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് വരും മാസങ്ങളിൽ വ്യക്തമാകും.