You are currently viewing സമതലങ്ങളിൽ മാത്രമല്ല, മലനിരകളിലും ആനകൾ സഞ്ചരിക്കും; അപൂർവ കാഴ്ച വൈറൽ

സമതലങ്ങളിൽ മാത്രമല്ല, മലനിരകളിലും ആനകൾ സഞ്ചരിക്കും; അപൂർവ കാഴ്ച വൈറൽ

ന്യൂഡൽഹി: മലനിരകളിലെ കുത്തനെയുള്ള ചരിവുകളിലും ഏഷ്യൻ ആനകൾക്ക് അനായാസം സഞ്ചരിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥ സൂപ്രിയ സാഹു പങ്കുവെച്ച എക്സ് പോസ്റ്റ് ശ്രദ്ധ നേടുന്നു. നീലഗിരിയിലെ കുത്തനെയുള്ള പുൽമേടുകളും പാറക്കെട്ടുകളും നിറഞ്ഞ മലഞ്ചരിവിലൂടെ കൊമ്പുള്ള ആന സഞ്ചരിക്കുന്ന ചിത്രമാണ് പോസ്റ്റിനൊപ്പമുള്ളത്.

സാധാരണയായി സമതലപ്രദേശങ്ങളുമായി ബന്ധപ്പെടുത്തി കാണുന്ന ആനകൾക്ക് ദുർഘടമായ മലഞ്ചരിവുകളിലും മികച്ച ചലനശേഷിയുണ്ടെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. മലനിരകളിലെ കഠിനമായ ഭൂപ്രകൃതിയോട് ഇണങ്ങിച്ചേരാനുള്ള ആനകളുടെ കഴിവിലേക്കും ഇത് ശ്രദ്ധ ക്ഷണിക്കുന്നു.

2026ൽ ഡബ്ലിയു.ഡബ്ല്യു.എഫ്.(WWF)-ഇന്ത്യയും അരുണാചൽ പ്രദേശിലെ ബന്ധപ്പെട്ട വന്യജീവി സംരക്ഷണ സംവിധാനങ്ങളും നടത്തിയ പഠനത്തിൽ ഈഗിൾനെസ്റ്റ് വന്യജീവി സങ്കേതത്തിൽ 3,266 മീറ്റർ ഉയരത്തിൽ കാട്ടാനകളെ ക്യാമറ ട്രാപ്പിൽ കണ്ടെത്തിയതും പോസ്റ്റിൽ പരാമർശിക്കുന്നു. ഏഷ്യൻ ആനകളെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ഉയരമാണിതെന്നാണ് അവകാശപ്പെടുന്നത്.

മുളങ്കാടുകളും തണ്ണീർത്തടങ്ങളും ഉൾപ്പെടുന്ന ഉയർന്ന പ്രദേശങ്ങളിലും ആനകൾക്ക് ആവാസവ്യവസ്ഥ കണ്ടെത്താനും അതിജീവിക്കാനും കഴിയുന്നതിന്റെ തെളിവായാണ് ഈ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്. ആവാസവ്യവസ്ഥ നേരിടുന്ന സമ്മർദങ്ങൾക്കിടയിലും ആനകളുടെ അതിജീവനശേഷിയും പാരിസ്ഥിതിക പ്രാധാന്യവും ഇതിലൂടെ വ്യക്തമാകുന്നു.

ആഗസ്റ്റ് 12ലെ ലോക ആന ദിനത്തിന് മുന്നോടിയായി പങ്കുവെച്ച പോസ്റ്റ്, വടക്കുകിഴക്കൻ ഇന്ത്യയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ പരിസ്ഥിതിയിൽ ആനകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് കൂടുതൽ ശ്രദ്ധ ക്ഷണിക്കുന്നതാണ്.

Leave a Reply