
തിരുവനന്തപുരം: കേരളത്തെ പ്രളയരഹിതമാക്കാനും പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ സമഗ്ര രൂപരേഖ വിദഗ്ധ സംഘം അവതരിപ്പിച്ചു. ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ ചേർന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി നേരിടുന്നതിനുള്ള നിർദേശങ്ങളാണ് വിദഗ്ധ സംഘം മുന്നോട്ടുവച്ചത്. കൃത്യമായ പ്രളയ മുന്നറിയിപ്പുകൾ നൽകാനും ദുരന്തസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML), റിമോട്ട് സെൻസിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും.
പുഴകളിലും തടാകങ്ങളിലും അടിഞ്ഞുകൂടുന്ന എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികളും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വിദഗ്ധ സംഘം നിർദേശിച്ചു. എക്കൽ നീക്കം ചെയ്യുന്നത് പ്രകൃതിയെയും ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷമായിരിക്കണം ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതെന്നും നിർദേശമുണ്ട്.
പദ്ധതിയുടെ സാങ്കേതിക പ്രായോഗികത, സാമ്പത്തിക വശങ്ങൾ, നടപ്പാക്കൽ രീതി എന്നിവ വിശദമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും നിർദേശം നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ തുടർനടപടികൾ തീരുമാനിക്കുക.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള സമഗ്രമായ പ്രളയ പ്രതിരോധ സംവിധാനം കേരളത്തിൽ കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.