
കോതമംഗലം: ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമായി കോതമംഗലം മണ്ഡലത്തിൽ 6.25 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾക്ക് തുടക്കമായി. മുടങ്ങിക്കിടന്ന റോഡ് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായാണ് ശബരിമല പാത വികസനത്തിന്റെ ഭാഗമായി ഫെസ്റ്റിവൽ ഫണ്ടിൽനിന്ന് തുക അനുവദിച്ചത്. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചതാണ് ഇക്കാര്യം.

ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി റോഡ്, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗം എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുക. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരന് സൈറ്റ് കൈമാറിയിട്ടുണ്ട്.
മൂന്ന് റീച്ചുകളിലായാണ് നിർമാണം നടപ്പാക്കുന്നത്. ഇതിൽ പത്ത് വർഷമായി സഞ്ചാരയോഗ്യമല്ലാത്ത നിലയിലായിരുന്ന ഊന്നുകൽ–തേൻകോട് റോഡിലെ ഒന്നര കിലോമീറ്റർ ഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ആദ്യം ആരംഭിച്ചത്. റോഡിന്റെ ലെവൽസ് എടുക്കുന്നതുൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നിലവിൽ ശരാശരി മൂന്നര മീറ്റർ മാത്രം വീതിയുള്ള റോഡുകൾ അഞ്ചര മീറ്റർ വീതിയിലേക്ക് വികസിപ്പിക്കും. തുടർന്ന് BM & BC നിലവാരത്തിൽ ടാറിങ് നടത്തും. ആവശ്യമായ സ്ഥലങ്ങളിൽ കൾവേർട്ടുകൾ, ഡ്രെയിനേജുകൾ, ഐറിഷ് ഡ്രെയിനുകൾ എന്നിവ നിർമിക്കും. വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ റോഡ് ഉയർത്തുകയും സംരക്ഷണഭിത്തികൾ നിർമിക്കുകയും ചെയ്യും.
റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റിഫ്ലക്ടറുകൾ, റോഡ് സ്റ്റഡുകൾ, സൈൻ ബോർഡുകൾ, സീബ്രാ ലൈനുകൾ, റോഡ് മാർക്കിങ്ങുകൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും.
കോതമംഗലത്തെ ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്ന റോഡുകളുടെ ചരിത്രത്തിലെ തന്നെ വലിയ വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.