
ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തി. പാറത്തറയിൽ ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷ് ആന്റണിയെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച (ഓഗസ്റ്റ് 14) രാത്രി 9.30ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കടുത്ത ലഹരി ഉപയോഗത്തിന് അടിമയായിരുന്ന അജീഷ് നേരത്തെ ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായാണ് വിവരം.
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം അജീഷ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഒരു ബന്ധുവിന് അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങൾ കണ്ട ബന്ധു ഉടൻ ഇടവക വികാരിയെ വിവരം അറിയിച്ചു. തുടർന്ന് വികാരിയും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തിയപ്പോഴാണ് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആ സമയത്ത് രക്തത്തിൽ കുളിച്ച നിലയിൽ അജീഷ് വീട്ടിലുണ്ടായിരുന്നെന്നും അക്രമാസക്തനായിരുന്നെന്നും വിവരമുണ്ട്. തുടർന്ന് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.