
ആലപ്പുഴ അമ്പലപ്പുഴയിൽ കളിക്കുന്നതിനിടെ റെയിൽവേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞുകയറിയ ഒന്നരവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ത്രിണവ് ആണ് മരിച്ചത്. ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

റെയിൽവേ പാളത്തിന് സമീപത്തെ അമ്മവീട്ടിലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ആരും കാണാതെ മുട്ടിലിഴഞ്ഞ് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നു. ഈ സമയം എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന മെമു (MEMU) ട്രെയിൻ കുട്ടിയെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അമ്പലപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുട്ടിയുടെ അച്ഛൻ മത്സ്യത്തൊഴിലാളിയാണ്. അമ്മ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഏകമകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബം.