You are currently viewing ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണി; ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തിവച്ചു

ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണി; ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തിവച്ചു

അബുദാബി: ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ച് യുഎഇ. മേഖലയിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഓഗസ്റ്റ് 18ന് ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒന്ന് യുഎഇയുടെ പ്രാദേശിക സമുദ്രപരിധിക്ക് പുറത്തും മറ്റൊന്ന് രാജ്യത്തിന്റെ സമുദ്രപരിധിക്കുള്ളിലുമാണ് പതിച്ചത്. മിസൈലുകൾ കടൽഗതാഗതത്തെ ലക്ഷ്യമിട്ടതായാണ് വിലയിരുത്തൽ.

മിസൈൽ ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി. ഏകദേശം പത്ത് മിനിറ്റിനുശേഷം സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അറിയിച്ച് മുന്നറിയിപ്പ് പിൻവലിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ പ്രതിരോധ സേന പൂർണ സജ്ജമാണെന്ന് യുഎഇ വ്യക്തമാക്കി. സ്ട്രെയിറ്റ് ഓഫ് ഹോർമുസിലൂടെ സഞ്ചരിച്ചിരുന്ന അഡ്‌നോക്( ADNOC) കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും യുഎഇ നേരത്തെ ശക്തമായി അപലപിച്ചിരുന്നു.

ഇറാനുമായുള്ള വ്യാപാര ബന്ധം മരവിപ്പിച്ച തീരുമാനം യുഎഇ-ഇറാൻ ബന്ധത്തിൽ വലിയ മാറ്റമാണ് സൂചിപ്പിക്കുന്നത്. മേഖലയിൽ സംഘർഷം ശക്തമാകുന്നതിനിടെയാണ് അബുദാബിയുടെ നിർണായക നീക്കം.

അതിനിടെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മേഖലാ സാഹചര്യങ്ങളും സുരക്ഷാ വിഷയങ്ങളും സംബന്ധിച്ച് നേരത്തെ ഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നു. യുഎഇ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതും പ്രാദേശിക സുരക്ഷയും ചർച്ചകളിൽ പ്രധാന വിഷയങ്ങളായിരുന്നു.

ഹോർമോസ് കടലെടുക്കിലെ സംഘർഷം തുടരുന്നത് ആഗോള എണ്ണവിപണിയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും മേഖലാ സംഘർഷവും എണ്ണവിലയിലും ആഗോള വ്യാപാരത്തിലും കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply