
തിരുവനന്തപുരം: ദേശീയപാത 66ലെ കഴക്കൂട്ടം–ചാക്ക ഭാഗത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് വിവിധ ആവശ്യങ്ങൾ മന്ത്രി ശ്രദ്ധയിൽപ്പെടുത്തിയത്.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കുളത്തൂർ ജംഗ്ഷൻ, ലോർഡ്സ് ജംഗ്ഷൻ, ആക്കുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ അനുവദിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി വി. മുരളീധരൻ അറിയിച്ചു.
കഴക്കൂട്ടം ജംഗ്ഷനിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കൂടാതെ കഴക്കൂട്ടം–മംഗലപുരം ദേശീയപാതാ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രദേശത്തെ വർധിച്ചുവരുന്ന വാഹനത്തിരക്കും ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട ഗതാഗതപ്രശ്നങ്ങളും കണക്കിലെടുത്താണ് നടപടികൾ ആവശ്യപ്പെട്ടതെന്ന് എംഎൽഎ വ്യക്തമാക്കി.