
ആലപ്പുഴ പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കന്നിപ്പോരാട്ടത്തിൽ തന്നെ കിരീടം നേടി അരോമ ബോട്ട് ക്ലബ് ചരിത്രം കുറിച്ചു. കൊല്ലം പരവൂർ ആസ്ഥാനമായുള്ള അരോമ ബോട്ട് ക്ലബ്ബിന്റെ ‘അരോമ ചുണ്ടൻ’ അത്യന്തം ആവേശകരമായ ഫൈനലിൽ വെറും 12 മില്ലിസെക്കൻഡ് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനത്തെത്തിയത്.

4 മിനിറ്റ് 23.328 സെക്കൻഡിലാണ് അരോമ ചുണ്ടൻ ഫിനിഷ് ചെയ്തത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ 4 മിനിറ്റ് 23.448 സെക്കൻഡിൽ രണ്ടാം സ്ഥാനത്തെത്തി. യു.ബി.സി കൈനഗരിയുടെ വീയപുരം ചുണ്ടൻ 4 മിനിറ്റ് 23.770 സെക്കൻഡിൽ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടൻ 4 മിനിറ്റ് 24.015 സെക്കൻഡിൽ നാലാം സ്ഥാനവും നേടി.
അരോമ ബോട്ട് ക്ലബ്ബിന്റെയും അരോമ ചുണ്ടന്റെയും ആദ്യ നെഹ്‌റു ട്രോഫി മത്സരമായിരുന്നു ഇത്തവണത്തേത്. കന്നിപ്പോരാട്ടത്തിൽ തന്നെ കിരീടം സ്വന്തമാക്കിയതോടെ 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം നെഹ്‌റു ട്രോഫി വള്ളംകളിയുടെ കിരീടം വീണ്ടും കൊല്ലം ജില്ലയിലേക്ക് എത്തി.
ഈ സീസണിലെ ആദ്യ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളിയിലും അരോമ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടിയിരുന്നു. തുടർച്ചയായ വിജയങ്ങളോടെ അരോമ ചുണ്ടൻ കേരളത്തിലെ പ്രമുഖ വള്ളംകളി വേദിയിൽ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ്.