
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവർക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ മൂന്ന് പേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തിലെ മൂന്ന് പേരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പുന്നമട ഫിനിഷിങ് പോയിന്റിനും സ്റ്റാർട്ടിങ് പോയിന്റിനുമിടയിലാണ് സംഭവം.

വള്ളംകളി മത്സരം കണ്ട് മടങ്ങുന്നതിനിടെ പ്രതികളുടെ ദേഹത്ത് ചർദി വീണതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25), അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ (24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽ രാജ് (27) എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ ആദർശ്, നിഥിൻ, വിഷ്ണു എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കുത്തേറ്റവരെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ നോർത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.