
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ലോകമെമ്പാടുമുള്ള കുടിയേറ്റ വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അമേരിക്കൻ എംബസികളിലെയും കോൺസുലേറ്റുകളിലെയും കോൺസുലർ ഉദ്യോഗസ്ഥർക്ക് കർശനമായ പരിശോധനാ മാനദണ്ഡങ്ങളിൽ പരിശീലനം നൽകുന്നതിനായാണ് നടപടി.

അമേരിക്കയിൽ സ്ഥിരതാമസത്തിന് അനുമതി നേടാൻ ശ്രമിക്കുന്നവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. അമേരിക്കൻ പൊതുസഹായ പദ്ധതികളെ ആശ്രയിക്കേണ്ടിവരാൻ സാധ്യതയുള്ള അപേക്ഷകരെ തിരിച്ചറിയുന്നതിൽ കൂടുതൽ കർശനമായ പരിശോധന നടത്തുന്നതിനാണ് പുതിയ പരിശീലനം. അപേക്ഷകരുടെ സാമ്പത്തികശേഷി ഉൾപ്പെടെയുള്ള ഘടകങ്ങൾ വിലയിരുത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് ഏകീകൃത മാർഗനിർദേശങ്ങൾ നൽകുകയാണ് ലക്ഷ്യം.
നിലവിൽ നിശ്ചയിച്ചിരുന്ന നിരവധി അഭിമുഖങ്ങൾ മാറ്റിവെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.
പുതിയ തീയതികൾ എപ്പോൾ നൽകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ടൂറിസ്റ്റുകൾ, വിദ്യാർഥികൾ, താൽക്കാലിക തൊഴിലാളികൾ തുടങ്ങിയവർക്കുള്ള ഭൂരിഭാഗം നോൺ-ഇമിഗ്രന്റ് വിസ നടപടികളെ ഈ ഇടവേള ബാധിക്കില്ല.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ വിപുലമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. അഭയാർഥിത്വത്തിന് അപേക്ഷിച്ചവരിൽ നിന്ന് ബിസിനസ്, ടൂറിസ്റ്റ് വിസകൾ ലഭിച്ചിരുന്ന രണ്ട് ലക്ഷത്തോളം പേരുടെ വിസ റദ്ദാക്കാനുള്ള പദ്ധതിയും ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്.
അമേരിക്കൻ ദേശീയ താൽപര്യവും പൊതുധനത്തിന്റെ സംരക്ഷണവും മുൻനിർത്തിയാണ് നടപടികളെന്ന് ഭരണകൂട അനുകൂലികൾ വാദിക്കുമ്പോൾ, വിസ നടപടികൾ പെട്ടെന്ന് തടസ്സപ്പെടുത്തിയതിലൂടെ കുടുംബങ്ങളുടെയും തൊഴിലവസരങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലായെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. .