You are currently viewing ദേശീയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ മൂന്നാം സ്ഥാനത്ത്; മോദിക്ക് 49 ശതമാനം പിന്തുണ

ദേശീയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ മൂന്നാം സ്ഥാനത്ത്; മോദിക്ക് 49 ശതമാനം പിന്തുണ

ന്യൂഡൽഹി: ദേശീയ തലത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളുടെ പട്ടികയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് മൂന്നാം സ്ഥാനത്ത്. ഓഗസ്റ്റ് 27ന് പുറത്തുവന്ന ഇന്ത്യ ടുഡേ–സി വോട്ടർ സർവേ ഫലത്തിലാണ് വിജയ് 9 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്തെത്തിയത്.

25,000ത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 49 ശതമാനം പിന്തുണയോടെ ഒന്നാം സ്ഥാനത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 27 ശതമാനം പിന്തുണ ലഭിച്ചു. 9 ശതമാനവുമായി വിജയ് ഇരുവർക്കും പിന്നിലായി മൂന്നാം സ്ഥാനത്തെത്തി.

2024ൽ രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ് നിലവിൽ തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടിക്ക് നേതൃത്വം നൽകുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ദേശീയ തലത്തിലെ പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചകളിൽ ഇടം നേടിയത് പാർട്ടി അനുയായികൾ വലിയ നേട്ടമായാണ് കാണുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിലും വിജയിന് ലഭിക്കുന്ന പിന്തുണ പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യ സഖ്യത്തെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവാരെന്ന ചോദ്യത്തിലും വിജയ് ശ്രദ്ധേയമായ പിന്തുണ നേടി. 12 ശതമാനം പേരാണ് വിജയിനെ പിന്തുണച്ചത്. ഈ വിഭാഗത്തിൽ രാഹുൽ ഗാന്ധിക്ക് പിന്നിൽ വിജയ് രണ്ടാം സ്ഥാനത്താണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേക്കാൾ മുന്നിലാണ് വിജയിന്റെ സ്ഥാനം.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിലേക്ക് കടന്നുവരാനുള്ള സാധ്യതയെക്കുറിച്ച് TVK നേതാക്കൾ ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാർട്ടിയുടെ നീക്കങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

തമിഴ്നാട്ടിലെ രാഷ്ട്രീയ സ്വാധീനം ശക്തിപ്പെടുത്തുന്നതിനൊപ്പം ദേശീയ തലത്തിലും സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കമാണ് വിജയിന്റെ നേതൃത്വത്തിലുള്ള ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Leave a Reply