
ബെർലിൻ: ജർമനിയിലെ സാക്സണി-ആൻഹാൾട്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) ചരിത്രവിജയത്തിലേക്ക് നീങ്ങുന്നതായി അഭിപ്രായ സർവേകൾ. എഎഫ്ഡി-യ്ക്ക് 41 ശതമാനം പിന്തുണയാണ് നിലവിലെ സർവേകളിൽ ലഭിക്കുന്നത്. ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) 23 ശതമാനവുമായി ഏറെ പിന്നിലാണ്.

2021ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ ഇത്തവണ എഎഫ്ഡി നേടാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ, ജർമൻ രാഷ്ട്രീയത്തിൽ എഎഫ്ഡിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തിയിരുന്ന രാഷ്ട്രീയ ‘ഫയർവാൾ’ തകരാനുള്ള നിർണായക വഴിത്തിരിവായേക്കും.
എഎഫ്ഡിയുടെ സംസ്ഥാനത്തെ പ്രധാന സ്ഥാനാർഥിയായ ഉൽറിച്ച് സീഗ്മുണ്ട് അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുക, റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക, നിലവിലെ കാലാവസ്ഥാ നയങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ. കുറ്റകൃത്യങ്ങൾ തടയുന്നതിനായി പൗരന്മാരെ ഉൾപ്പെടുത്തി പ്രത്യേക സേന രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കുടിയേറ്റവും ജർമനിയിലെ ജനസംഖ്യാപരമായ മാറ്റങ്ങളും തിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളായി മാറിയതോടെയാണ് എഎഫ്ഡിയുടെ പിന്തുണ ഉയർന്നതെന്നാണ് വിലയിരുത്തൽ. അതേസമയം, റഷ്യയുമായുള്ള പാർട്ടിയുടെ ബന്ധത്തെക്കുറിച്ച് വിമർശകർ ആശങ്ക ഉയർത്തുന്നു.
എഎഫ്ഡി അധികാരത്തിലെത്തിയാൽ അതിന്റെ നയങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരവും ഭരണഘടനാപരവുമായ നടപടികളെക്കുറിച്ച് ജർമനിയിലെ രാഷ്ട്രീയ-ഭരണകൂട കേന്ദ്രങ്ങളിലും ചർച്ചകൾ ശക്തമാണ്. ദേശീയതലത്തിലെ നിർണായക തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സാക്സണി-ആൻഹാൾട്ട് തിരഞ്ഞെടുപ്പ് ജർമൻ ജനാധിപത്യത്തിന്റെയും പരമ്പരാഗത രാഷ്ട്രീയ കൂട്ടുകെട്ടുകളുടെയും നിർണായക പരീക്ഷണമാകുമെന്നാണ് വിലയിരുത്തൽ.