
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ വൈദിക വിദ്യാർത്ഥിയായ റവ. ഡീക്കൻ ആഷർ ഷാജി (26) വാഹനാപകടത്തിൽ അന്തരിച്ചു. കോഴഞ്ചേരി–പന്തളം റോഡിൽ നാൽക്കാലിക്കൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

പന്തളത്തുനിന്ന് സ്കൂട്ടറിൽ കോഴഞ്ചേരിയിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറി ആഷർ ഷാജിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം പഴയ സെമിനാരി (ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി) അധ്യാപകൻ റവ. ഫാ. ഡോ. ഷാജി പി. ജോണിന്റെ മകനാണ് ആഷർ ഷാജി. പന്തളം മങ്ങാരം വടക്കേമുരുപ്പേൽ കുടുംബാംഗമാണ്.
ഭൗതികശരീരം സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് 12.30ന് പന്തളം സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക പള്ളിയിൽ എത്തിക്കും. വൈകിട്ട് മൂന്നിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.