
കണ്ണൂർ: താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ ഗേറ്റ് അടയ്ക്കുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.

മുന്നിൽ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തെ മറികടന്ന് അതിവേഗത്തിൽ റെയിൽവേ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ട്രാക്കിന് നടുവിലെ കുഴിയിൽ ഇറങ്ങി കുടുങ്ങിയത്. ഇതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ എത്തുന്നുണ്ടായിരുന്നു.

ജീപ്പ് ട്രാക്കിൽ കുടുങ്ങിയ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിൻ റെയിൽവേ ഗേറ്റിന് സമീപം നിർത്താൻ കഴിഞ്ഞു. ഇതോടെ വൻ അപകടമാണ് ഒഴിവായത്.
ജീപ്പ് ട്രാക്കിൽ കുടുങ്ങിയതിനെ തുടർന്ന് ഈ റൂട്ടിൽ ഏകദേശം അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീപ്പ് നീക്കാൻ പിന്നീട് ക്രെയിൻ എത്തിക്കേണ്ടിവന്നു. ക്രെയിൻ ഉപയോഗിച്ച് ജീപ്പ് ട്രാക്കിൽനിന്ന് ഉയർത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സംഭവത്തിൽ അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.