
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് പുതിയ നിക്ഷേപ നീക്കങ്ങൾക്ക് വഴിതുറക്കുന്നതായി റിപ്പോർട്ട്. ഖത്തർ രാജകുടുംബാംഗമായ ഹിസ് ഹൈനെസ് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമി, ഐക്യൂ വെഞ്ചേഴ്സിന്റെ ഷാഫി ഷൗക്കത്തിനൊപ്പവും മറ്റ് മൂന്ന് നിക്ഷേപകരുമായും ചേർന്ന് പുതിയ കൺസോർഷ്യത്തിൽ നിക്ഷേപം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
പുതിയ കൺസോർഷ്യത്തിന്റെ ആദ്യ തുക ഇതിനകം നിക്ഷേപിച്ചതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അൽ ഖാസിമി ഗ്രൂപ്പിലെ ഡൺസ്റ്റൺ പെരേരയുടെ ഇടപെടലാണ് കരാർ യാഥാർഥ്യമാക്കുന്നതിൽ നിർണായകമായതെന്നും സൂചനയുണ്ട്.

നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സിന്റെ സാമ്പത്തിക വെല്ലുവിളികൾക്കിടെ കേരള ബ്ലാസ്റ്റേഴ്സിനെ ഏകദേശം 120 കോടി രൂപയ്ക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നേരത്തെ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിക്ഷേപ കൺസോർഷ്യവുമായി ബന്ധപ്പെട്ട നീക്കങ്ങൾ പുറത്തുവരുന്നത്.

പുതിയ നിക്ഷേപം ക്ലബിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സമൂഹമാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ നിറവും ആനയുടെ ചിഹ്നവും വാഴപ്പഴവുമായി ചേർത്തുള്ള നിരവധി മീമുകളും പ്രചരിക്കുന്നുണ്ട്. പുതിയ നിക്ഷേപത്തോടെ ക്ലബിന് പുതിയൊരു സുവർണകാലം വരുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവയ്ക്കുന്നു.
എന്നാൽ, ഇടപാടിന്റെ ഔദ്യോഗിക വിശദാംശങ്ങൾ, നിക്ഷേപകരുടെ പങ്കാളിത്ത ഘടന, ഉടമസ്ഥാവകാശത്തിലെ മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാൻ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരേണ്ടതുണ്ട്. പുതിയ സീസൺ ആരംഭിക്കാനിരിക്കെ ക്ലബിന്റെ ഭാവിയുമായി ബന്ധപ്പെട്ട ഈ നീക്കം ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.