You are currently viewing മഹാനവമി–വിജയദശമി–ദീപാവലി യാത്ര: കെ.എസ്.ആർ.ടി.സി. പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

മഹാനവമി–വിജയദശമി–ദീപാവലി യാത്ര: കെ.എസ്.ആർ.ടി.സി. പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ഉത്സവകാല യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി. 2026 ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും ഈ സർവീസുകൾ ലഭ്യമാകും.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാല, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സർവീസുണ്ട്. മൈസൂരുവിൽ നിന്ന് കണ്ണൂർ, പാലാ എന്നിവിടങ്ങളിലേക്കും സർവീസ് ലഭ്യമാണ്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും, മൾട്ടി ആക്സിൽ എ.സി. സർവീസായി എറണാകുളത്തേക്കും ബസുകൾ ഓടും.

ഇതേ റൂട്ടുകളിൽ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുള്ള സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില സർവീസുകൾ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഓടുക. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ അധിക സർവീസുകൾ ക്രമീകരിക്കാനുള്ള നടപടികളും കോർപ്പറേഷൻ സ്വീകരിച്ചിട്ടുണ്ട്.

എല്ലാ പ്രത്യേക സർവീസുകൾക്കും മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്. www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി. വാട്സ്ആപ്പ് ടിക്കറ്റിംഗ് നമ്പർ (9447071021), അല്ലെങ്കിൽ റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഉത്സവദിനങ്ങളിലെ തിരക്ക് ഒഴിവാക്കാനും സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാനും യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി. അഭ്യർത്ഥിച്ചു.

Leave a Reply