
പേരാവൂർ: പേരാവൂർ നിയോജക മണ്ഡലത്തിലും സമീപ മലയോര മേഖലകളിലുമുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്ന രണ്ട് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കമായി. വൈദ്യുത മന്ത്രി സണ്ണി ജോസഫ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
തലശ്ശേരി–നെടുംപൊയിൽ–പേരാവൂർ വഴി ബെംഗളൂരുവിലേക്കുള്ള പുതിയ സർവീസും മട്ടണി–കോളിത്തട്ട് റൂട്ടിലെ ഗ്രാമീണ സർവീസുമാണ് നാടിന് സമർപ്പിച്ചത്.

ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്കും മലയോര മേഖലയിലെ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ഐ.ടി. ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്കും പുതിയ സർവീസുകൾ ഏറെ പ്രയോജനകരമാകും. ഗ്രാമീണ മേഖലകളിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാക്ലേശം കുറയ്ക്കുന്നതിനും സർവീസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

നാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജനപ്രതിനിധികൾ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.