
ആലപ്പുഴ: കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസിന്റെയും മൂന്നാം ക്ലാസിന്റെയും അംഗീകാരം നഷ്ടമായതിനെത്തുടർന്ന് ആശങ്കയിലായിരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം. കുട്ടികളുടെ പഠനം തടസ്സമില്ലാതെ തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി.

എക്സൈസ് മന്ത്രി എം. ലിജുവാണ് ഇക്കാര്യം അറിയിച്ചത്. സ്കൂളിലെ ഒന്നും മൂന്നും ക്ലാസുകളുടെ അംഗീകാരം നഷ്ടമായതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായിരുന്നു. കുട്ടികൾ സ്കൂളിലെത്താത്ത സാഹചര്യം പോലും ഉണ്ടായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാവിലെ മന്ത്രി സ്കൂളിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ വിഷയം ധരിപ്പിക്കുകയും ഒരു കാരണവശാലും കുട്ടികളുടെ പഠനം മുടങ്ങരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും മന്ത്രി ചർച്ച നടത്തിയിരുന്നു.
കുട്ടികളുടെ അധ്യയനത്തിന് തടസ്സമുണ്ടാകാത്ത വിധത്തിലും സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയും തസ്തിക നിർണയ നടപടികൾ സ്വീകരിക്കണമെന്നാണ് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ഇതോടെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കാൻ കഴിഞ്ഞതായി മന്ത്രി അറിയിച്ചു.