
നഗോയ: ഇന്ത്യൻ അത്ലറ്റിക്സിലെ ഇതിഹാസ താരം പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച് മലയാളികൾക്കും അഭിമാനമായി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ വിത്യ വെങ്കല മെഡൽ നേടിയത്. ഇതോടെ ഇന്ത്യയുടെ അത്ലറ്റിക്സ് ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാനും താരത്തിന് കഴിഞ്ഞു.

1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡാണ് വിത്യ മറികടന്നത്. 54.75 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയതോടെ 55 സെക്കൻഡിൽ താഴെ സമയം കൊണ്ട് വനിതകളുടെ 400 മീറ്റർ ഹർഡിൽസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും വിത്യ സ്വന്തമാക്കി.

2023-ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വിത്യ പി.ടി. ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. അന്ന് റെക്കോർഡ് പങ്കിട്ട താരം ഇപ്പോൾ അത് പൂർണമായും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
തന്റെ റെക്കോർഡ് തകർക്കപ്പെട്ടതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പി.ടി. ഉഷ പ്രതികരിച്ചു. അടുത്ത തലമുറ അതിരുകൾ ഭേദിച്ച് മുന്നേറുന്നത് കാണുന്നതിനേക്കാൾ വലിയ പ്രതിഫലം ഒരു കായികതാരത്തിനില്ലെന്നും ഉഷ വ്യക്തമാക്കി.
ഇന്ത്യൻ വനിതാ അത്ലറ്റിക്സിന് പുതിയ പ്രതീക്ഷയും കരുത്തും പകരുന്നതാണ് വിത്യ രാംരാജിന്റെ ഈ ചരിത്രനേട്ടം.