
ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിലെ സംഘാടന പിഴവുകളിൽ ക്ഷമാപണം നടത്തി നഗോയ മേയർ ഇച്ചിറോ ഹിരോസാവ. താരങ്ങൾക്കും ദേശീയ ടീമുകൾക്കും നേരിടേണ്ടിവന്ന അസൗകര്യങ്ങൾക്ക് മനുഷ്യസഹജമായ പിഴവുകളും മതിയായ ആശയവിനിമയത്തിന്റെ അഭാവവുമാണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരങ്ങളുടെ നടത്തിപ്പിലും താമസസൗകര്യങ്ങളിലും ഗതാഗത സംവിധാനങ്ങളിലും തുടർച്ചയായി ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് മേയറുടെ പ്രതികരണം.

താരങ്ങളെ കൊണ്ടുപോകാനുള്ള ബസുകൾ എത്താതിരിക്കുക, തെറ്റായ സ്ഥലങ്ങളിലേക്ക് ബസുകൾ തിരിച്ചുവിടുക, വിമാനത്താവളത്തിലെത്തിയ താരങ്ങൾക്ക് താമസസ്ഥലങ്ങളിലേക്ക് പോകാൻ കഴിയാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരിക തുടങ്ങിയ പരാതികളാണ് ഉയർന്നത്. മത്സരവേദികളിലേക്കുള്ള യാത്രാസംവിധാനത്തിലെ പാളിച്ചകൾ താരങ്ങളെയും സംഘാംഗങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി.

താരങ്ങളുടെ താമസസൗകര്യങ്ങളും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത രീതിയിലുള്ള കായികതാരങ്ങളുടെ ഗ്രാമം ഒരുക്കാതെ താൽക്കാലിക കണ്ടെയ്‌നർ താമസസൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയത്. ഇടുങ്ങിയ മുറികളും ഉയരം കുറഞ്ഞ കിടക്കകളും ഉൾപ്പെടെയുള്ള സൗകര്യക്കുറവുകൾ താരങ്ങളുടെ പരാതിക്ക് കാരണമായി.
സെപ്റ്റംബർ 19ന് ആരംഭിച്ച ഏഷ്യൻ ഗെയിംസിൽ 17,000ത്തിലധികം കായികതാരങ്ങളും മറ്റ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മത്സരങ്ങൾ ആരംഭിച്ച ആദ്യഘട്ടത്തിൽത്തന്നെ സംഘാടനത്തിലെ പിഴവുകൾ പുറത്തുവന്നിരുന്നു. ദക്ഷിണ കൊറിയയുടെ മത്സരത്തിനിടെ ഉത്തരകൊറിയയുടെ ദേശീയഗാനം തെറ്റായി പ്ലേ ചെയ്ത സംഭവവും വലിയ വിവാദമായിരുന്നു.
അന്താരാഷ്ട്ര കായികമേളയുടെ നടത്തിപ്പിൽ ആവർത്തിച്ചുണ്ടായ ഇത്തരം വീഴ്ചകൾ സംഘാടകരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. താരങ്ങൾക്കും ദേശീയ ടീമുകൾക്കും ആവശ്യമായ സൗകര്യങ്ങളും കൃത്യമായ വിവരങ്ങളും ഉറപ്പാക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന വിമർശനവും ശക്തമാണ്.