You are currently viewing പാലക്കാട് രണ്ട് കുഞ്ഞുങ്ങളുടെ മരണം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

പാലക്കാട് രണ്ട് കുഞ്ഞുങ്ങളുടെ മരണം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ ജനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് വീടിനോട് ചേർന്നുള്ള കുളിമുറിയിലെ സിമന്റ് ടാങ്കിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിൽ വീണ് അപകടമുണ്ടായതാകാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.

ഭർത്താവ് ജോൺ കുമാർ ജോലിക്ക് പോയ സമയത്താണ് നിവേദ്യ കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടികൾ തങ്ങളുടെ ഭാവി ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആദ്യം മൂത്ത കുട്ടിയെ ടാങ്കിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം ഇളയ കുട്ടിയെയും സമാന രീതിയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply